Sunday, July 3, 2016

മഴയും ടീച്ചറും

മഴയെന്നു പേരുള്ളകുട്ടിയെ
നേരം വൈകിയാലും  ടീച്ചര്‍ പുറത്തുനിര്‍ത്തില്ല
ഹാജര്‍ പുസ്തകത്തില്‍ അവള്‍ക്കു നേരെ മാത്രം
ചുവന്ന വര വീഴാതെ നോക്കും

കൂട്ടുകാരവള്‍ക്കായൊതുങ്ങിക്കൊടുക്കും
സ്കൂളുവിട്ടാല്‍ അവള്‍ക്കൊപ്പം  നനയാനിറങ്ങും
ചിലര്‍ കുടയെടുക്കും, മഴയെ തടുക്കും
ചിലര്‍ ചോരുന്നവീട്ടില്‍ പാത്രങ്ങള്‍ നിരത്തും
ചിലരതില്‍ ജലതരംഗം വായിക്കും.

അവിടെ മഴയുണ്ടോ എന്ന
നീല ഇന്‍ലന്‍ഡിലെ പഴയ ചോദ്യം
ടീച്ചര്‍ക്കോര്‍മ്മവരും
അന്നത്തെ കാമുകിയെ മറിച്ചു നോക്കും
ഹാ! ഒരുമിച്ചുനനഞ്ഞ മഴയെന്നു പിറുപിറുത്ത്
വേനല്‍ക്കാലവരമ്പിലെ വിഷാദസന്ധ്യയിലേക്ക്
പറന്നിറങ്ങാന്‍നോക്കുമ്പോള്‍
ക്ളാസ്സില്‍ അച്ചടക്കമില്ലാത്ത ഒരു മഴയിരമ്പമുയരും
മേശപ്പുറത്തടിച്ച് അത് നിശ്ശബ്ദമാക്കും

പെരുമഴയായി ഉയര്‍ന്ന ക്ലാസ്സിലേക്കവള്‍  പേരുവെട്ടിപോകുമ്പോള്‍
 പ്രാര്‍ത്ഥനയായി ടീച്ചര്‍ പിന്നാലെചെല്ലും
വെയിലല്ലാതാകാശമല്ലാതൊരു കുടയും ചൂടാതെ
അവള്‍ പോകുന്നത് നോക്കിനില്‍ക്കും
പോകുന്നപോക്കില്‍കൊഴിഞ്ഞ അവളുടെ പാദസരമണി
ഒറ്റക്കണ്‍ നോട്ടത്താല്‍ പെറുക്കിസൂക്ഷിക്കും
മറ്റേക്കണ്ണിനാല്‍  ക്ലാസ്സ് നിശ്ശബ്ദമാക്കും.

(കലാപൂര്‍ണ്ണ മാസിക,മെയ് 2016)

No comments:

Post a Comment