Sunday, November 29, 2015

ചില്‍ഡ്രന്‍സ് പാര്‍ക്ക്


കളി പാതിയാക്കി കുട്ടികള്‍  മടങ്ങിയ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍
ഒഴിഞ്ഞ കളിത്തട്ടുകളും ഊഞ്ഞാലുകളും കളിക്കോപ്പുകളും.
കുട്ടികള്‍ പോയിട്ടും കളിക്കോപ്പുകള്‍ അടങ്ങിയിരിക്കുന്നില്ല.
ഒരു പന്ത് എങ്ങോട്ടുരുളണമെന്ന് ശങ്കിച്ച്,
ഊഞ്ഞാല്‍ ഉയരുകയാണോ താഴുകയാണോ എന്നന്തം വിട്ട്,
കളിത്തട്ട് പൊങ്ങണോ താഴണോ എന്ന് സംശയിച്ച്.

2.
അടുത്തകൊല്ലം വരാമെന്ന് പറഞ്ഞ്
അവധി തീരും മുമ്പേ കുട്ടികള്‍ പോയി.
മാവിന്‍ ചുവട്ടിലും മുറ്റത്തിന്റെ മൂലയിലുമൊക്കെ
മണ്ണപ്പവും പ്ളാവിലക്കയ്യിലും പാത്രങ്ങളും.

മടങ്ങിവരാം,എന്നിട്ട് വേവ് നോക്കാം
ഊഞ്ഞാലില്‍ ഒരു വട്ടം കൂടി ആടാം
മാവിനൊരു കല്ലെറിയാം എന്നൊക്കെ കരുതി
ഇത്തിരി വെള്ളം കുടിച്ചു വരാന്‍ വീട്ടിനുള്ളിലേക്കോ
ബെല്ലടിക്കുന്നത് കേട്ട് സ്ക്കൂളിലേക്കോ ഓടിപ്പോയവര്‍
പിന്നെ മടങ്ങാന്‍ മറന്നു.
മറന്നു മറന്ന് അവര്‍ മുതിര്‍ന്നവരായി
ജ്ഞാനവൃക്ഷത്തിന്റെ തുഞ്ചത്ത് പൂവിട്ടു.
3.
മരച്ചോട്ടില്‍ പുതിയൊരൂഞ്ഞാലിട്ട്
പുതിയകുട്ടികളെ കാത്ത്
വേരുകളില്‍ ചാഞ്ഞിരിക്കുമ്പോള്‍
ഒരു പന്ത് ഉരുണ്ടുരുണ്ടു വന്ന് കാലില്‍ തൊട്ടുവെന്ന് തോന്നി
പെട്ടെന്നുണര്‍ന്നതും
പന്ത് വലിയൊരു മോണിറ്റര്‍ സ്ക്രീനിലേക്കുരുണ്ടു പോവുന്നതും
ഒരു കുട്ടി ദൂരെയിരുന്നതിനെ നിയന്ത്രിക്കുന്നതും
ഊഞ്ഞാലും മരങ്ങളും പാര്‍ക്കുമതിന്റെപിന്നില്‍ മറയുന്നതും
കണ്ട് കണ്ടങ്ങനെ
ഒരിടത്തൊരു ചില്‍ഡ്രന്‍സ് പാര്‍ക്ക് .
(കടപ്പാട്:ചന്ദ്രിക ആഴ്ചപ്പതിപ് ,2015,നവമ്പര്‍ 7)